കൊടപ്പുള്ളി ദേവസ്വം ശ്രീ അന്നപൂര്‍ണ്ണേശ്വരി ഭഗവതി ക്ഷേത്രം

കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ ആലപ്പാട് വില്ലേജ് പുറത്തൂർ ദേശത്തിൽ സ്ഥിതിചെയ്യുന്ന ഒരു കുടുംബക്ഷേത്രമാണ് കൊടപ്പുള്ളി ദേവസ്വം ശ്രീ അന്നപൂർണ്ണേശ്വരി ഭഗവതി ക്ഷേത്രം. 1110 മേടമാസത്തിലെ (08 മെയ് 1935) പുണർതം നക്ഷത്രത്തിൽ ബ്രഹ്‌മശ്രീ പഞ്ചവടി ഗോപാലസ്വാമികളാൽ പ്രതിഷ്ഠിക്കപ്പെട്ട ശ്രീ അന്നപൂർണ്ണേശ്വരി ദേവിയാണ് പ്രധാന പ്രതിഷ്ഠ. പൗരാണിക കാലം മുതൽക്കു തന്നെ മനുഷ്യരാശിയുടെ ഐശ്വര്യത്തിനും മനഃസമാധാനത്തിനും സർവ്വോപരി ക്ഷേമത്തിനും വേണ്ടി ഈശ്വരാരാധന ചെയ്തു വന്നിരുന്നു. സാത്വികവും ധർമ്മ നിരതവുമായ സനാതന ധർമ്മത്തെ ആധാരമാക്കി നിഷ്‌കാമകർമ്മങ്ങളിലൂടെ ജന്മസാഫല്യം നേടുക എന്നതാണ് മനുഷ്യജന്മത്തിൻ്റെ പരമമായ ലക്ഷ്യം. ഇതു നേടുന്നതിനായി കാലക്രമേണ നിലവിൽ വന്ന പലവിധ സമ്പ്രദായങ്ങളുണ്ട്. നമ്മുടെ പൂർവ്വികർ സ്വീകരിച്ചു വന്ന സാധനാസമ്പ്രദായങ്ങളുടെ ഫലമായി അവരുടെ സേവാമൂർത്തികളെ പിൽക്കാലത്ത് പ്രതിഷ്ഠിച്ച് ആരാധിച്ചു വന്നു.

1985 ൽ ദേവിക്ഷേത്രം നവീകരിക്കാൻ തീരുമാനിച്ച അവസരത്തിൽ ക്ഷേത്രപരിസരത്ത് ഒരു അത്യാഹിതം സംഭവിക്കുകയും തുടർന്ന് നടത്തിയ ദേവപ്രശ്നത്തിൽ ദേവിയുടെ മക്കളായ ഗണപതി, സുബ്രഹ്‌മണ്യൻ, അയ്യപ്പസ്വാമി മുതലായ ദേവന്മാരെ കുടി പ്രതിഷ്ഠിച്ചാരാധിക്കണമെന്ന അമ്മയുടെ ആഗ്രഹം പ്രശ്‌നദ്വാരാ തെളിഞ്ഞതിനാൽ ഭക്തൻമാർ അത് നിറവേറ്റുകയും ചെയ്തു. പിന്നീട് പ്രശ്നവശാൽ കണ്ടതനുസരിച്ചു തന്നെ ഭദ്രാ ദേവിയേയും ദുർഗ്ഗാദേവിയേയും യഥാവിധി പ്രതിഷ്ഠിച്ച് ആരാധിക്കുവാൻ തുടങ്ങി. എന്നാൽ ശ്രീ ഭദ്രകാളി ചൈതന്യം ഏറ്റവും ഉന്നതമായ സ്ഥിതിയിലായിരുന്നെന്നും പിൽക്കാലത്തു സംഭവിച്ച ആരാധന വൈകല്യം കൊണ്ടും മറ്റു അനുഗ്രഹശക്തി കുറഞ്ഞുവന്നതിനാൽ കുടുംബാംഗങ്ങൾക്കിടയിൽ അനിഷ്ടാനുഭവങ്ങൾ കണ്ടു തുടങ്ങുകയും ചെയ്തു. അതിനാൽ ഭക്തജനങ്ങളുടെ ആഗ്രഹമനുസരിച്ച് ഇതിനെക്കുറിച്ച് പരിചിന്തനം ചെയ്യുവാൻ ശ്രീ. മേഴത്തൂർ അച്ചുതൻ നായരുടെ നേത്യത്വത്തിൽ 03-മെയ്-2006 ന് അഷ്ടമംഗല്യ പ്രശ്നം ചിന്തിച്ചതിൽ ശ്രീ ഭദ്രകാളി ദേവിയ്ക്ക് ശ്രീലകം പണിത് വിധിപോലെ പ്രതിഷ്ഠിച്ചാരാധിക്കുന്നത് കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും സർവ്വതോന്മുഖമായ ഐശ്വരാദി അഭിവ്യദ്ധിക്ക് മംഗളമായിരിക്കുമെന്ന് കണ്ടു. അങ്ങനെ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ. സി.കെ തിലകൻ തന്ത്രി (ആല)യുടെ കാർമ്മികത്വത്തിൽ 30-04-2007 ന് ഭദ്രാ ദേവീപ്രതിഷ്ട നടത്തുവാൻ തീരുമാനിച്ചു.

കൊടപ്പുള്ളി തറവാട്ടുകാരുടെ പൂർവ്വികർ ഏകദേശം 300 വർഷങ്ങൾക്കു മുമ്പ് കടത്തനാട്ട് നിന്ന വന്ന രണ്ട് സഹോദരൻമാരാണ് എന്ന് വിശ്വസിക്കപ്പെടുന്നു. കടത്തനാട്ട് വിട്ട് പുറത്തൂർ വരുവാനുണ്ടായ കാരണം ഇങ്ങനെ പറയപ്പെടുന്നു. കാർഷികവൃത്തി ഉപജീവനമാർഗ്ഗമാക്കിയിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളായിരുന്നു നമ്മുടെ പൂർവ്വികർ. വയലിൽ ജോലിചെയ്തു കൊണ്ടിരിക്കേ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് കിടന്നിരുന്ന കരിങ്കൽ കുഴ സ്വർണ്ണമാണെന്ന് മനസ്സിലാക്കിയ സഹോദരൻമാർ നാടുവാഴിയെ ഭയന്ന് സ്വർണ്ണകുഴയും കൊണ്ട് നാടുവിട്ടു എന്ന് പറയപ്പെടുന്നു. ഈ കുഴ ഏതോ ജീർണ്ണാവസ്ഥയിലായിരുന്ന ഒരു ശിവക്ഷേത്രത്തിലെ വിഗ്രമായിരുന്നുവെന്നും ആയതിനാൽ നമ്മുടെ പൂർവ്വികർക്ക് ശിവകോപം ഉണ്ടായി എന്നും പറയപ്പെടുന്നു. ഈ വായ്‌മൊഴിയെ ന്യായീകരിക്കുന്ന ജോത്സ്യ പ്രശ്‌നങ്ങളിലും ഇതിന്റെ ദോഷപരിഹാരം നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട് . അടുത്ത കാലത്ത് സ്വർണ്ണം കൊണ്ട് ശൂലം ഉണ്ടാക്കി ചേർപ്പിലുള്ള ഇരട്ടയപ്പൻ്റെ അമ്പലത്തിൽ വഴിപാട് കൊടുത്തതും ഇതിൻ്റെ അടിസ്ഥാനത്തിലാണ്. നാടുവിട്ടുവന്ന സഹോദരൻമാർ ആദ്യമായി താമസിച്ചത് ഇന്ന് കൊടപ്പുള്ളി കേളു താമസിച്ചിരുന്ന സ്ഥലത്താണ്. അന്ന് അടുത്തുള്ള ഒരു ബ്രാഹ്‌മണനുമായി ബന്ധമുണ്ടായിരുന്നതായി പ്രശ്നവശാൽ കണ്ടിട്ടുണ്ട് ഇവരിൽ ഇളയ സഹോദരൻ്റെ സേവാമൂർത്തികൾ ദുർഗ്ഗ, വിഷ്ണുമായ, കരിംകുട്ടി വീരഭദ്രൻ ഘണഠാകർണ്ണൻ എന്നിവരായിരുന്നുവെന്നും മൂത്ത സഹോദരൻ്റെ സേവാമൂർത്തി അന്നപൂർണ്ണേശ്വരിയായിരുന്നുവെന്നും പ്രശ്‌നവശാൽ കാണുകയുണ്ടായി.

പൂർവ്വാചാരപ്രകാരം സർപ്പപൂജയും നടത്തിയിരുന്നു. ക്ഷേത്രത്തിൽ അന്നപൂർണ്ണേശ്വരി, ബ്രഹ്‌മരക്ഷസ്സ്, നാഗയക്ഷി, ദുർഗ്ഗ, വലിയമുത്തപ്പൻ, ചെറിയമുത്തപ്പൻ, വിഷ്ണുമായ കരിംകുട്ടി, വീരഭദ്രൻ, ഘണഠാകർണ്ണൻ എന്നിവരെ സങ്കൽപ്പിച്ച് പ്രതിഷ്ഠകളും പീഠങ്ങളും ഉണ്ടായി. പൂർവ്വീകരായ മുത്തപ്പൻമാർ കാലാന്തരത്തിൽ രണ്ട് വീടായി തിരിഞ്ഞു. ഇളയമുത്തപ്പൻ കുടിയേറി പാർത്ത സ്ഥലത്തും അതിന് തൊട്ട് കിഴക്കുഭാഗത്ത് ഒരു വീടുണ്ടാക്കി വലിയമുത്തപ്പനും താമസമായി. വലിയ മുത്തപ്പന് സന്താനങ്ങളുണ്ടായിരുന്നില്ല. അതിനാൽ ചെറിയ മുത്തപ്പൻ്റെ   ഒരു മകനെ ദത്തെടുത്തതായി പറയപ്പെടുന്നു. ഇതിൽ ഇളയമുത്തപ്പൻ്റെ  തായ് വഴിക്കാർ പടിഞ്ഞാറെ വീട്ടുകാരെന്നും, വലിയ മുത്തപ്പൻ്റെ  തായ് വഴിക്കാർ കിഴക്കേ വീട്ടുകാരെന്നും അറിയപ്പെടുവാൻ തുടങ്ങി. ഇവർ തമ്മിൽ സ്വരചേർച്ചയില്ലായിരുന്നു. കാലാന്തരത്തിൽ തായ് വഴിക്കാർ തമ്മിൽ പുലബന്ധം പോലും ഇല്ലാതായി. ആ ദത്തു പുത്രൻ്റെ തായ്‌വഴിക്കാരിൽ ഒരാൾ ഇപ്പോൾ ക്ഷേത്രം സ്ഥിതിചെയ്യുന്ന പറമ്പിലേക്കും മറ്റേയാൾ കൊടപ്പുള്ളി കൃഷ്ണതണ്ടാൻ താമസിച്ചിരുന്ന കുത്തുള്ളിതറയിലേക്കും താമസം മാറ്റി. അങ്ങനെ വലിയ മുത്തപ്പൻ്റെ  തായ് വഴിക്കാരുമായി പിരിഞ്ഞു. ഇടക്കാലത്തുവെച്ച് കിഴക്കേ വീട്ടുകാരിൽ കുന്നുമേൽ തായ്‌വഴിക്കാരും താൽക്കാലികമായി പുലബന്ധം പിരിഞ്ഞു. ഇങ്ങനെ ഐക്യമില്ലാതെ ജീവിച്ചുവരുന്നത് തറവാടിൻ്റെ പുരോഗതിക്ക് നന്നല്ല എന്ന തോന്നൽ ഉണ്ടായതിൻ്റെ ഫലമായാണ് ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾക്ക് വേദിയൊരുക്കുന്നതിന് വേണ്ടി ഒരു ക്ഷേത്രം നിർമ്മിക്കണമെന്ന ആശയം ഉയർന്നുവന്നത്. ഇതിന് മുൻകൈ എടുത്തവരിൽ പ്രധാനികൾ കൊടപ്പുള്ളി പടിഞ്ഞാറെ വീട്ടിൽ പണിക്കമുത്തപ്പൻ്റെ  തായ്‌വഴിയിൽപ്പെട്ട കുഞ്ചപ്പൻ കുത്തുള്ളിത്തറ വേലുത്തണ്ടാൻ്റെ  തായ്‌വഴിയിൽപ്പെട്ട കൃഷ്ണതണ്ടാൻ, കൃഷ്ണതണ്ടാൻ്റെ  മൂത്ത സഹോദരൻ്റെ  മകൻ വേലപ്പകുട്ടി, പണിക്ക മുത്തപ്പൻ്റെ  തായ് വഴിയിൽപ്പെട്ട കേശവൻ (കണ്ടുണ്ണി മാസ്റ്റർ) എന്നിവരാണ്

വർഷങ്ങൾക്കുമുമ്പ് പുറത്തൂർ ദേശത്തെ ജനങ്ങൾക്ക് ബാധിച്ച വസൂരി രോഗത്തിൽ ഉറ്റവർ മരിക്കുകയും ശേഷിച്ചവരിൽ ചിലർ വീടും പറമ്പും ഉപേക്ഷിച്ച് പലദേശങ്ങളിലേക്കും മാറിതാമസിക്കുകയും ഉണ്ടായി. അത്തരക്കാരെ ഒന്നിച്ചു ചേർക്കുവാനും ക്ഷേത്ര പ്രതിഷ്ഠ ഉപകരിക്കുമെന്ന് സംഘാടകർ മുൻകൂട്ടി കണ്ടിരുന്നു. സമീപകാലത്തായി (1985-86) ദേവപ്രശ്‌നത്തിൻ്റെ അടിസ്ഥാനത്തിൽ ഗണപതി, സുബ്രഹ്‌മണ്യൻ, അയ്യപ്പൻ എന്നീ ദേവൻമാരുടെ പ്രത്ഷ്ഠകൾ കൂടി നടത്തപ്പെട്ടു. പ്രശ്നവശാൽ അങ്ങിനെ ആകാമെന്ന് കണ്ടതിൻ്റെ അടിസ്ഥാനത്തിലാകണം കൂടുതലായി പ്രതിഷ്ഠകൾ വേണമെന്നു തീരുമാനിച്ചത്.

കേരളത്തിൽ ശ്രീനാരായണഗുരുവിൻ്റെ നവോത്ഥാന പ്രസ്ഥാനത്തിൻ്റെ പ്രവർത്തനം ഉച്ചകോടിയിൽ എത്തിയിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ഉണ്ടാക്കുന്നത്. ഗുരുഭക്തൻമാരും ശ്രീ നാരായണ പ്രസ്ഥാനത്തിൻ്റെ പ്രവർത്തകരുമായിരുന്ന സംഘാടകർ ജാതിമതഭേദമന്യേയും തറവാട്ടുവ്യത്യാസമില്ലാതെയും നാട്ടുകാരുമായി സഹകരിച്ചിരുന്നു. അതുപോലെ നാട്ടുകാരിൽ നിന്ന് വളരെ സഹകരണവും ഉണ്ടായിരുന്നു. ചെമ്മാനി കുഞ്ഞിറ്റി എന്ന വ്യക്തിയുടെ വീട്ടുകാരിൽ നിന്നും വിഷു ഉത്സവദിവസം ദേവിയുടെ തിടമ്പ് എഴുന്നെള്ളിച്ച് ആദ്യത്തെ പറയെടുക്കുന്നത്. ഇതിൻ്റെ ഓർമ്മ പുതുക്കലായി ഇന്നും തുടർന്നുവരുന്നു. കാളകളി, ദാരികവധം, കൊടിക്കൂറ തുടങ്ങിയ പല അനുഷ്ഠാനകലകളും ഉത്സവത്തോടനുബന്ധിച്ച് ഉണ്ടായിരുന്നു. കാലാന്തരത്തിൽ അവ നിന്നു പോയെങ്കിലും ചെമ്മാനി തറവാട്ടിൽ നിന്നുള്ള പറയെടുപ്പ് മുടക്കം കൂടാതെ തുടർന്നുവരുന്നു. അന്ന് മറ്റു തറവാടുകളിലെ പലവ്യക്തികളും ഇതിനോട് സഹകരിച്ചിരുന്ന. അവരിൽ ചെമ്മാനി കുഞ്ഞിറ്റി, പെരുമ്പിള്ളി കുഞ്ഞിറ്റി എന്നിവരെ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. രാജഭരണം നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ കൊച്ചി മഹാരാജാവിൽ നിന്നും നമ്മുടെ പൂർവ്വികരായ കുത്തുള്ളിത്തറ തായ്‌വഴിയിൽപ്പെട്ട വേലുവിന് തണ്ടാൻ സ്ഥാനവും, പടിഞ്ഞാറെ വീട്ടിൽപ്പെട്ട പണിക്കമുത്തപ്പന് പണിക്കസ്ഥാനവും കൽപ്പിച്ചു കിട്ടി. തണ്ടാൻ സ്ഥാനത്തിൻ്റെ അടയാളമായ ചമ്പോലയും കത്തിയും എഴുത്താണിയും ഇന്നും പഴമയുടെ ഓർമ്മക്കായി സൂക്ഷിച്ചുപോരുന്നു. അക്കാലത്ത് ദേശത്ത് നടക്കുന്ന വിവാഹം, മരണാടിയന്തിരം മുതലായ സന്ദർഭങ്ങളിൽ ഇവർക്ക് പ്രത്യേക സ്ഥാനമാനങ്ങളും അവകാശങ്ങളും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം പലരും സംഭാവനയായി തന്നിട്ടുള്ളതാണ്. കൃഷ്ണതണ്ടാൻ, കേളുപണിക്കർ, കെ.പി. ചാത്തു, കെ.പി.കേശവൻ, കെ.യു.പാറൻ എന്നീ വ്യക്തികളാണ് അവർ. ക്ഷേത്രത്തിൻ്റെ ആദ്യത്തെ ശാന്തിക്കാരൻ കെ.ജി. ഗംഗാധരനാണ്.

അമ്പലത്തിൻ്റെ ഐശ്വര്യത്തിനായി എല്ലാ വീട്ടുകാരും ആത്മാർത്ഥമായി സഹകരിക്കുന്നതിൻ്റെ ഫലമായി നാൾക്കു നാൾ ക്ഷേത്രം ഐശ്വര്യപൂർണ്ണമാവുന്നതോടൊപ്പം അന്നപൂർണ്ണേശ്വരി ദേവിയുടേയും ഭദ്രാദേവിയുടേയും ഉപദേവൻമാരുടെയും അനുഗ്രഹാശിസ്സുകൾ നിർലോഭം എല്ലാവർക്കും ലഭിക്കുമാറാകട്ടെ!

പ്രസിദ്ധീകരണം : 15 ഡിസംബർ 2025